പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കി ഡോഗ് സ്ക്വാഡ് മടങ്ങി. വീട്ടിനുള്ളില്‍ തെളിവെടുപ്പ് തുടരുകയാണ്.
ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളം ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി.
കഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് സ്ഥലത്ത് നടത്തിയ പരിശോധന അവസാനിപ്പിച്ചു. നായ്ക്കളെ കൊണ്ട് നടത്തിയ പരിശോധനയിൽ എല്ല് കണ്ടെത്തിയിരുന്നു. മനുഷ്യന്റെ എല്ലിനെക്കാൾ കട്ടിയുള്ള എല്ലാണ് കണ്ടെത്തിയത്. പശുവിന്റേതാണെന്നാണ് സംശയം. കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായ്കളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തിയത്. നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള പരിശീലനം ലഭിച്ച നായ്കളാണ് ഇവ രണ്ടും. നായ സംശയിച്ച് നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്.
മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളിലാണ്. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
അതേസമയം പ്രതികള്‍ കൊലനടത്തിയത് എങ്ങനെയെന്ന് അറിയാന്‍ ഡമ്മി ഉപയോഗിച്ച് മുറിക്കുള്ളില്‍ കൊലപാതകം പുനരാവിഷ്കരിക്കുകയാണ്. സ്ത്രീരൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചാണ് കൊല പുനരാവിഷ്കരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കൊച്ചിയിൽ നിന്ന് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നീ മൂന്ന് പ്രതികളെയും ഇലന്തൂരിൽ എത്തിച്ചത്.