പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടെന്ന് സംശയവുമായി പൊലീസ്. പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിംഗിൻ്റെ വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്തുന്നത്.മറ്റേതെങ്കിലും മൃതദേഹം പറമ്പിൽ അടക്കം ചെയ്തിട്ടുണ്ടോ എന്നറിയാനാണ് വീട്ടു പറമ്പിൽ പരിശോധന നടക്കുന്നത്. പദ്മ, റോസ്‌ലി എന്നിവരെക്കൂടാതെ ഒരു സ്ത്രീയെക്കൂടി കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നുള്ള അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ഇതുസംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
മൃതദേഹം തിരഞ്ഞ് പിടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ നായകളെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് എത്തിയിരിക്കുന്നത്. ഇവയുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. പദ്മയുടെയും റോസ്‌ലിയുടെയും കൊലപാതകത്തിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടന്നിട്ടുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് സന്നാഹമൊരുക്കി പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും എറണാകുളം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീട്ടുപരിസരം പരിശോധിക്കാനുള്ള തീരുമാനവുമായി അന്വേഷണ സംഘം രംഗത്തെത്തിയത്. ലൈലയെയും ഭഗവൽ സിംഗിനെയും ചോദ്യം ചെയ്തതതോടെയാണ് അവർ ഈ തീരുമാനം കെെക്കൊണ്ടത്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടതോടെയാണ് സംശയം ഉടലെടുത്തത്. ഇവർ എന്തോ മറച്ചു വയ്ക്കുന്നതായുള്ള സംശയം ഉയർന്നതിനെ തുടർന്നാണ് കൂടുതൽ നരബലി ഇവിടെ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടായത്.
















