തുർക്കിയിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്തതായി റിപ്പോർട്ട്. കരിങ്കടൽ തീരത്തുള്ള അമസ്രയിലെ ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവിടെ നിന്നും 11 പേരെ രക്ഷപ്പെടുത്തിയതായും ഇവർ ചികിത്സയിലാണെന്നും തുർക്കി ആരോഗ്യമന്ത്രി പറഞ്ഞു.
കൽക്കരി ഖനികളിൽ കാണപ്പെടുന്ന ഫയർഡാമ്പ് മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഊർജ മന്ത്രി പറഞ്ഞു.സ്ഫോടനം നടക്കുമ്പോൾ 110 ഓളം പേർ ഖനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരിൽ പകുതിയോളം പേരും 300 മീറ്റർ ആഴത്തിലാണ് ഉണ്ടായിരുന്നത്.
ഖനിയുടെ പ്രവേശന കവാടത്തിന് 300 മീറ്റർ (985 അടി) താഴെയാണ് സ്ഫോടനം ഉണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ടർക്കിഷ് ഹാർഡ് കോൾ എന്റർപ്രൈസസിന്റേതാണ് ഖനി. അപകടത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.