വയനാട്: കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച് പിടികൂടാൻ ആർആർടി സംഘം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുകയാണ്.
പ്രദേശത്ത് വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് എട്ട് വളർത്തുമൃഗങ്ങൾ ആണ്. പരിക്കേറ്റവ നിരവധി. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ കടുവയെ പിടികൂടാൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിട്ടില്ല. അതേസമയം ഇടക്കിടെയുള്ള ആക്രമണങ്ങൾ തുടരുകയാണ്.
കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് നിലവിൽ ശ്രമങ്ങൾ തുടരുന്നത്. ആർആർടി സംഘം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുകയാണ്. വനാതിർത്തിയും സ്വകാര്യ തോട്ടങ്ങളുമുള്ള പ്രദേശത്ത് തിരച്ചിൽ ദുഷ്കരമാണ്. എത്രയും വേഗം കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.