ലഹരി പാനീയങ്ങൾ വിൽക്കുന്നതിനുള്ള പുതിയ നിയമങ്ങൾ അബുദാബി ടൂറിസം അതോറിറ്റി പുറത്തിറക്കി. പുതിയ നിയമങ്ങൾ പാലിക്കാൻ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സമയം നൽകി. വിതരണ കമ്പനികൾക്കും റീട്ടെയിൽ ഷോപ്പ് മാനേജർമാർക്കും നൽകിയ നിർദേശത്തിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദാബി ലഹരി പാനീയങ്ങളുടെ സാങ്കേതികവും ചേരുവകളുടെ ആവശ്യകതകളും വ്യക്തമാക്കി.
ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഡിസിടിയുടെ പുതിയ നയം അനുസരിച്ച്, കുറഞ്ഞ ആൽക്കഹോൾ സാന്നിധ്യം 0.5 ശതമാനമായിരിക്കണം. വൈനിൽ വിനാഗിരിയുടെ രുചിയോ മണമോ ഉണ്ടാവരുതെന്നും ബിയറിൽ ക്യാരമൽ ഒഴികെയുള്ള സുഗന്ധങ്ങളും നിറങ്ങളും ഒന്നും അടങ്ങിയിരിക്കരുത്.അനുയോജ്യമായ സാഹചര്യങ്ങൾ ഉറപ്പാക്കി ഉൽപ്പന്നം തയ്യാറാക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്നും നിർദേശത്തിൽ ഉണ്ട്.
ലഹരി പാനീയങ്ങൾ കൃത്യമായി പാക്ക് ചെയ്യണമെന്നും, ലേബലിൽ ഉത്പന്നത്തിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളെ കുറിച്ച് കൃത്യമായി രേഖപ്പെടുത്തണമെന്നും ഡിസിടി നിർദേശത്തിൽ പറയുന്നുണ്ട്.