എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണത്തില്‍ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു. സ്വാഭാവിക നീതിയുടെ ഭാഗമായാണ് വിശദീകരണം തേടുന്നത്. സി.പി.എം ചെയ്യുന്നതുപോലെ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന തരത്തിലുള്ള പതിവ് ആരോപണങ്ങളൊന്നും ഞങ്ങള്‍ പറയുന്നില്ല. ഒരു വിധത്തിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത്രയും ശക്തമായുള്ള തീരുമാനം ഒരു രാഷ്ട്രീയപാര്‍ട്ടിയും കേരളത്തില്‍ സ്വീകരിച്ചിട്ടില്ല. അതുകൂടി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം.
കെ.പി.സി.സി തീരുമാനമെടുക്കുന്നില്ല എന്നൊക്കെയുള്ള ആരോപണങ്ങളില്‍ ഒരു അര്‍ഥവുമില്ല. മറ്റു പാര്‍ട്ടികളെ പോലെ കമ്മീഷനെ വച്ച് ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി ആളെ വെറുതെ വിടുന്ന ഏര്‍പ്പാട് കോണ്‍ഗ്രസിനില്ല. ഒരു സ്ത്രീ ഗൗരവതരമായ പരാതിയുമായി സമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി അതേ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കുന്നപ്പിള്ളി ഒളിവില്‍ പോകേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോകുന്നതില്‍ തെറ്റില്ലെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ പോകുമ്പോള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായി എന്ന് ജനങ്ങളോട് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. കുടുംബാഗംങ്ങളെ കൊണ്ടു പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ കൊണ്ടു പോകണമോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യമാണെന്നുമാണ് പ്രതിപക്ഷം പറഞ്ഞത്. അതിന്റെ പേരില്‍ മന്ത്രി ശിവന്‍കുട്ടി കുതിര കയറാന്‍ വരേണ്ട. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോയി എന്താണെന്ന് പഠിച്ചതെന്ന് അദ്ദേഹം നാല് വാചകത്തിലെങ്കിലും വിവമരിച്ചിരുന്നെങ്കില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാമായിരുന്നു.
സ്വപ്‌ന സുരേഷിന്റെ പുസ്തകത്തില്‍ ഗൗരവതരമായ ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സര്‍വാധികാരങ്ങളും ഉണ്ടായിരുന്ന ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണം. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണ ആയതിനാല്‍ കേന്ദ്ര ഏജന്‍സികളൊന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സാധ്യതയില്ല.