മനുഷ്യബന്ധങ്ങൾക്ക് നൽകാൻ പറ്റിയ മികച്ച വ്യായാമമാണ് സംസാരം. ഉള്ളുതുറന്നുള്ള സംസാരം പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും.ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്നുണ്ട്. മാനസികസമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ വിവിധ മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി ഇന്ന് മനശ്ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നതും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി പോലെയുള്ള ടോക് തെറാപ്പികളാണ്.
അതുകൊണ്ടാണ് അമേരിക്ക ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും ആളുകൾക്ക് കടന്നുവന്ന് ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിക്കാൻ അവസരമൊരുക്കുന്ന ‘ടോക്കിങ് പാർലറുകൾ’ തുറന്നിരിക്കുന്നത്. സംസാരിക്കാൻ ആരുമില്ലാതെ വീർപ്പുമുട്ടുന്നവർക്ക് ഇത്തരം പാർലറുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.
ഒരു വ്യക്തിക്ക് ആ വ്യക്തിയോടും മറ്റുള്ളവരോടുമുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാണ് തുറന്ന സംസാരങ്ങൾ.ഒരു വ്യക്തി തന്നോടുതന്നെ സംസാരിക്കുന്നതാണ് ആത്മഭാഷണം . തന്നെക്കുറിച്ചുള്ള മനോഭാവങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ് ആത്മഭാഷണത്തിൽ നിറയുന്നത്. ഇത് പ്രസാദാത്മകമോ നിഷേധാത്മകമോ ആകാം. നിഷേധാത്മകമാണെങ്കിൽ അത് ആ വ്യക്തിയുടെ ഉത്പാദനക്ഷമതയെയും, സന്തോഷത്തെയും സമാധാനത്തെയും കുറയ്ക്കാൻ കാരണമാവുന്നു. ഇവർക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും കുറവായിരിക്കും. എന്നെ ഒന്നിനും കൊള്ളില്ല എന്നതരത്തിലാകും ഇത്തരക്കാരുടെ ആത്മഭാഷണം.എന്നാൽ, പ്രസാദാത്മകമായ ആത്മഭാഷണം നടത്തുന്നവർ തങ്ങളിലെ നന്മകൾ, തന്റെ കഴിവുകൾ, അനുഗ്രഹങ്ങൾ എന്നിവയെ വിലമതിക്കുകയും അതിൽ അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യും. കൂടുതൽ മികവുറ്റ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇത്തരം ചിന്ത അവരെ സഹായിക്കുന്നു.
ഏറ്റവും നല്ല രീതിയിൽ മറ്റുള്ളവരുമായി തുറന്നു സംസാരിക്കുന്നവർക്ക് സമൂഹത്തിലും സ്വീകാര്യത ഏറെയായിരിക്കും. തുറന്ന് സംസാരിക്കുന്നവരുടെ വാക്കുകൾ ആദ്യം കേൾക്കുമ്പോൾ ചിലപ്പോൾ ചിലർക്ക് ബുദ്ധിമുട്ട് തോന്നാമെങ്കിലും ദീർഘകാലത്തേക്ക് ആളുകൾ വിശ്വസിക്കുന്നത് തുറന്നു സംസാരിക്കുന്നവരെയാണ്.
പരസ്പരമുള്ള സംസാരസമയം വർധിപ്പിക്കുന്നത് ദാമ്പത്യജീവിതത്തിൽ, ബിസിനസിൽ, ജോലിയിൽ, ഒക്കെ ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കും.പുതിയ ആശയങ്ങൾ സംസാരത്തിലൂടെ പിറവിയെടുക്കുന്നു.ഒരാളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സംസാരത്തിന് കഴിയും.ഒരാളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് സംസാരം.മുറിഞ്ഞ ബന്ധങ്ങളെ വിളക്കാൻ സംസാരം സഹായിക്കുന്നു.ടെൻഷൻ, സ്ട്രെസ്, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.മധുരമായതും ആത്മാർഥത നിറഞ്ഞതുമായ വാക്കുകൾ മറ്റുള്ളവരെ നിങ്ങളിലേക്കാകർഷിക്കുന്നു.പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.സാമൂഹികപിന്തുണ ഉറപ്പാക്കുന്നു.വികാരങ്ങൾ അടക്കിവയ്ക്കാതെ മറ്റുള്ളവരുമായി തുറന്ന് പങ്കുവയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും, പ്രശ്നങ്ങളെ ശരിയായ രീതിയിൽ നേരിടാൻ സഹായിക്കുകയും ചെയ്യും.