നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വാടകഗർഭധാരണം നടത്താൻ താരദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം അന്വേഷണം നടത്തുന്നത്.
വാടക ഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്നേശ് ശിവന്റേയും മൊഴി എടുത്തേക്കും.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.
ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം ഈ വര്‍ഷം ജനുവരി 25 മുതല്‍ നിയമപരമായി അനുവദനീയമല്ല. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ എന്നുമുണ്ട്. ഇത്തരം വ്യവസ്ഥകൾ നിലനിൽക്കേ നയൻതാരയ്ക്കും
വിഘ്നേഷിനും വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്ന് പരിശോധിക്കും.