പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിന് മുന്നല്‍ നല്‍കിയ ബൈറ്റ് (13/10/2022)
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകേണ്ടത്. ദുബായില്‍ മുന്‍കൂട്ടി നിശ്ചയിക്കാത്ത പരിപാടിയായത് കൊണ്ടാകും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് എടുക്കാത്തത്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്. എന്തിന് വേണ്ടിയാണ് വിദേശത്ത് പോയതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
യു.കെയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. നിയമപരമായി കേരള സംസ്ഥാനത്തിന് യു.കെയുമായി അത്തരമൊരു കരാറുണ്ടാക്കാന്‍ സാധിക്കില്ല. യാത്രയ്ക്ക് എത്ര പണം ചെലവായെന്നും എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയണം. സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് പോയാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് വയ്ക്കണമെന്ന നിലപാടാണ് പ്രതിപക്ഷം തുടക്കം മുതല്‍ക്കെ സ്വീകരിച്ചത്. ജപ്തി ഭീഷണിയും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കൃത്യമായി ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടംബാഗങ്ങളെയും കൂട്ടി വിദേശത്ത് പോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണം. പി.ടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇതുസംബന്ധിച്ച ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമപരിഷ്‌ക്കരണ കമ്മിഷന്‍ 2019-ല്‍ നല്‍കിയ റിപ്പോര്‍ട്ടും സര്‍ക്കാരിന് മുന്നിലുണ്ട്. നിയമ നിര്‍മ്മാണത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. നിയമം കൊണ്ടു വരാന്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കും.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ അദ്ദേഹത്തില്‍ നിന്നും കെ.പി.സി.സി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തെറ്റായ നടപടികളും ഒരു കാരണവശാലും കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണ് അന്വേഷണ കമ്മീഷനെ പോലും വയ്‌ക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സ്വാഭാവിക നീതിയെന്ന നിലയില്‍ മാത്രമാണ് ആരോപണവിധേയനില്‍ നിന്നും വിശദീകരണം തേടുന്നത്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.