തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിനെതിരെയുള്ള പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുവരെ എംഎൽഎയെ ബന്ധപ്പെടാനായിട്ടില്ല. ഒളിവിൽ പോകേണ്ട കാര്യമില്ല. എൽദോസിനെ ന്യായീകരിക്കാൻ കോൺഗ്രസിൽ നിന്ന് ആരും വരില്ലെന്നും സതീശൻ പറഞ്ഞു.
ഇത്തരം കേസുകളിൽ സിപിഎം എടുത്ത നിലപാട് എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിന് പാഠമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
‘‘എൽദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയുണ്ട്. അദ്ദേഹം ഒളിവിലാണോ എന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റു കാര്യങ്ങളും പരിശോധിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയാല് സാധാരണ അറസ്റ്റ് ചെയ്യാറില്ല. അപ്പോള്‍ പിന്നെ ഒളിവിൽ പോകേണ്ട ആവശ്യമില്ലല്ലോ’’– വി.ഡി.സതീശൻ പറഞ്ഞു.
യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയായിട്ടുണ്ട്. യുവതിയുടെ പരാതിക്ക് പിന്നാലെ എം.എൽ.എ ഓഫീസിൽ വരാതെയും മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും നാല് ദിവസമായി ഒളിവിലാണ്. അതിനിടെ ഫേസ്ബുക്കിൽ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു. പരാതിക്കാരിയെ ക്രിമിനൽ എന്നാണ് എം.എൽ.എ വിശേഷിപ്പിക്കുന്നത്.
അതേസമയം, എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ 15ന് അഡി. സെഷൻസ് കോടതി പരിഗണിക്കും.