സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ പുറത്ത് . തൃശ്ശൂര്‍ ആസ്ഥാനമായ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 250 രൂപയാണ് പുസ്തകത്തിൻ്റെ വില.ആമസോണിലും പുസ്തകം ലഭ്യമാണ്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിൻ്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങളാണ സ്വപ്നയുടെ പുസ്തകത്തിലുള്ളത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ 2016-ലാണ് താൻ ശിവശങ്കറിനെ പരിചയപ്പെടുന്നതെന്ന് പുസ്തകത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു.
തുടക്കത്തിലെ സൗഹൃദം ഒരു വര്‍ഷത്തിനകം അടുത്തൊരു ആത്മബന്ധമായി മാറി. 2016ൽ ദുബൈയിലേക്ക് മുഖ്യമന്ത്രി മറന്നു വച്ച ബാഗ് ശിവശങ്കര്‍ പറഞ്ഞ പ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിയുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. മുഖ്യമന്ത്രി ഈ ബാഗ് മറന്നു വച്ചെന്നാണ് ശിവശങ്കര്‍ പറഞ്ഞത് എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപൂര്‍വ്വം മറന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സ്വപ്നയുടെ പുസ്തകത്തിൽ പറയുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിലെ ഏഴാം അധ്യായത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ ഉള്ളറകളിലേക്കും പുസ്തകത്തിൽ സ്വപ്ന കടന്നു ചെല്ലുന്നുണ്ട്. എന്നെ പാര്‍വ്വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എൻ്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാര്‍വ്വതിയായിരുന്നുവെന്നും സ്വപ്ന പറയുന്നുണ്ട്.പുസ്തകത്തിൻ്റെ ഒരു അധ്യായത്തിന് ശിവശങ്കറിൻ്റെ പാര്‍വ്വതി എന്നാണ് സ്വപ്ന നൽകിയ പേര്.