പത്തനംതിട്ട:ഇലന്തൂര്‍ ഇരട്ട നരബലിയിലെ പ്രതികളായ ഭഗവല്‍സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യത. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ മാത്രം 850000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നാണ് വിവരം. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2015 ല്‍ ആണ് വായ്പ എടുത്തത്. ഇലന്തൂരിലെ വീടും പുരയിടവും പണയം വെച്ചാണ് വായ്പ എടുത്തത്. കട ബാധ്യതയില്‍ ഭഗവല്‍ സിംഗിനും ലൈലക്കും മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ഇവരുമായി അടുപ്പമുളളവര്‍ പറയുന്നുണ്ട്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.