മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. എലീറ്റ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ കർണാടകയെ 53 റൺസിനാണ് കേരളം വീഴ്ത്തിയത്. ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി.
കേരളം മുന്നോട്ടുവച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കർണാടകയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 റൺസെടുത്ത് പുറത്താവാതെ നിന്ന അഭിനവ് മനോഹറാണ് കർണാടകയുടെ ടോപ്പ് സ്കോറർ.
ആദ്യം ബാറ്റുചെയ്ത കേരളം നാല് വിക്കറ്റിൽ 179 റൺസാണ് എടുത്തത്. അസ്ഹറുദീന്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തിൽ നിന്ന് 95 റൺസാണ് ടീമിനായി അസ്ഹറുദീൻ അടിച്ചെടുത്തത്. ഓപ്പണർമാരായ വിഷ്ണു വിനോദ് 34 റൺസെടുത്തപ്പോൾ രോഹൻ കുന്നുമ്മൽ 16 റൺസെടുത്തു.
180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കർണാടകയെ തകർത്തത് വൈശാഖ് ചന്ദ്രനാണ്. നാല് ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റാണ് വൈശാഖ് നേടിയത്. ആദ്യ ഓവറിൽ തന്നെ കർണാടക ക്യാപ്റ്റൻ മായക് അഗർവാളിനെ (0) ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ്റെ കൈകളിലെത്തിച്ച വൈശാഖ് ക്യാപ്റ്റൻ്റെ വിശാസം കാത്തു. തുടർന്ന് ഇംപാക്ട് പ്ലയർ ചേതൻ എൽആർ (0), ദേവ്ദത്ത് പടിക്കൽ (9), മനീഷ് പാണ്ഡെ (9) എന്നിവരെക്കൂടി മടക്കിയ വൈശാഖ് കർണാടക ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞു.
27 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 46 റൺസുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറാണ് കർണാടകയുടെ ടോപ് സ്കോറർ. അഭിനവിനു പുറമെ കർണാടക നിരയിൽ രണ്ടക്കം കണ്ടത് വിക്കറ്റ് കീപ്പർ ബാറ്റർ ലുവ്നിത് സിസോദിയ മാത്രം. ലുവ്നിത് സി28 പന്തിൽ ആറു ഫോറുകളോടെ 36 റൺസെടുത്തു.
വൈശാഖ് ചന്ദ്രന് പുറമെ കേരളത്തിനായി സുദേശൻ മിഥുൻ രണ്ടും ബേസിൽ തമ്പി, സിജോമൻ ജോസഫ്, കെ.എം ആസിഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തകർത്തിരുന്നു.