പ്രമാദമായ എല്ലാ കേസിന്റെയും വിചാരണയിൽ പ്രതിഭാഗം ഉപയോഗിക്കുന്നത് അറസ്റ്റിനു ശേഷവും മുൻപും പോലീസ് മാധ്യമങ്ങൾക്ക് നൽകുന്ന വിശദീകരണങ്ങൾ ആണ്. അന്വേഷണം കഴിയുന്നതിനു മുൻപ് കിട്ടുന്ന അറ്റവും മൂലയും കൂട്ടിമുട്ടാത്ത എല്ലാ ഊഹാപോഹവും വെച്ച് കഥയുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുൻപിൽ മോക് ട്രയൽ നടത്തും, ഷൈൻ ചെയ്യാൻ. പ്രതിഭാഗം തെളിവെല്ലാം ശേഖരിക്കും. അന്വേഷണം പൂർത്തിയാക്കുമ്പോൾ ആദ്യം പറഞ്ഞ കഥ ഒക്കില്ല. അതാവില്ല കുറ്റപത്രത്തിൽ പോലീസിന്റെ വേർഷൻ.
നിയമപരമായ വലിയ സാധുതയില്ലെങ്കിലും ഒറിജിനൽ ട്രയൽ വരുമ്പോൾ പോലീസിന്റെ ഈ അന്വേഷണ സ്റ്റേജിലെ മീഡിയ ട്രയൽ മുഴുവൻ പ്രതികൾക്ക് അനുകൂലമായാണ് കണ്ടിട്ടുള്ളത്. അതായത്, സത്യമറിയാനെന്ന പേരിൽ ഗർഭപാത്രത്തിൽക്കയറി കൊച്ചുണ്ടായോ എന്ന് നോക്കുന്ന മാധ്യമങ്ങളും അതിനു നിന്നുകൊടുക്കുന്ന പോലീസും ചേർന്ന് തകർക്കുന്നത് നിയമപരമായി നടക്കേണ്ട ഇൻവെസ്റ്റിഗേഷനും ട്രയലുമാണ്. പ്രതികൾക്ക് അനുകൂലമാണ് അതെപ്പോഴും. പ്രോസിക്യൂഷന് എതിരും.
ഇത് മനസിലാക്കാനും പോലീസിന്റെയീ മീഡിയ ബ്രീഫിങ് അവസാനിപ്പിക്കാനുമുള്ള നട്ടെല്ലില്ലെങ്കിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിന്റെ പൊളിറ്റിക്കൽ ലീഡർഷിപ്പ് പ്രതികളെ സഹായിക്കുകയാണ്. പ്രോസിക്യൂഷനെ ദുർബ്ബലപ്പെടുത്തുകയാണ്.