കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്നും,സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് .
ദേവപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയത്. പത്മയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ജീവനോടെ കഴുത്തില്‍ കത്തി കുത്തിയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്മയുടെ മൃതദേഹം 56 കഷണങ്ങളായാണ് വെട്ടി നുറുക്കിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ബക്കറ്റിലാക്കി കൊണ്ടുപോയാണ് കുഴിച്ചിട്ടത്. ലൈലയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. കട്ടിലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം പത്മയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചു. ലൈലയുടെ ഭര്‍ത്താവ് ഭഗവല്‍ സിങ് മാറിടം മുറിച്ചു മാറ്റി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൈകാലുകള്‍ മുറിച്ചു മാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തം ശേഖരിച്ചു. ഇതു വീടിനു ചുറ്റും തളിച്ചു. റോസ്ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തനിക്ക് വിഷാദരോഗമുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷാഫിയേയും ഭഗവല്‍ സിങ്ങിനേയും കാക്കനാട് ജില്ലാ ജയിലില്‍ അടയ്ക്കും. ലൈലയെ വനിതാ ജയിലിലേക്കും മാറ്റും.