ഗുജറാത്തിലുടനീളം ബിജെപി ഇന്ന് മുതൽ അഞ്ച് ‘ഗൗരവ് യാത്രകൾ’ സംഘടിപ്പിക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ട സംസ്ഥാനത്തെ ആദിവാസി മേഖലകളായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യ രണ്ട് യാത്രകൾ ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. മറ്റ് മൂന്ന് യാത്രകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഫ്ലാഗ് ഓഫ് ചെയ്യും.
ഗുജറാത്ത് സർക്കാരിന്റെ വികസനവും സർക്കാരിന്റെ വിവിധ പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഇത്തരമൊരു പ്രചാരണ തന്ത്രം ബിജെപി നടപ്പിലാക്കുന്നത്.
എല്ലാ കേന്ദ്രമന്ത്രിമാരും ബിജെപിയുടെ ഉന്നത നേതാക്കളും വിവിധ പാദങ്ങളിലായി യാത്രയുടെ ഭാഗമാകും. സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിനായി പോകുന്ന എൽഇഡി ട്രക്കുകൾ ചൊവ്വാഴ്ച ബിജെപി പുറത്തിറക്കിയിരുന്നു.
144 നിയമസഭാ മണ്ഡലങ്ങളിലായി 145 പൊതുയോഗങ്ങളാണ് ഗൗരവ് യാത്രയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഞ്ച് യാത്രകൾ കൂടി ഏകദേശം 5700 കിലോമീറ്ററിലധികം ദൂരം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ യാത്ര ഈ ദൂരം പൂർത്തിയാക്കും.