വയനാട്: ചീരാലിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല. കടുവയെ പിടികൂടാൻ കഴിയാത്തതിൽ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ കടുവയെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കി. മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ ശ്രമിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ഉത്തരവിറങ്ങി.
രണ്ടാഴ്ചക്കിടയിൽ ഏഴ് പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ വനംവകുപ്പിന്റെ മെല്ലെപ്പോക്കിനെതിരെ ആക്ഷൻ കമ്മിറ്റി ഹർത്താൽ ആചരിച്ചു. കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലും ആയിരങ്ങൾ പങ്കെടുത്തു. ഇതോടെയാണ് മയക്കുവെടി വെക്കാനും കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ഉത്തരവായത്.