കൊച്ചി: ഇലന്തൂർ നരബലിയിലെ മുഖ്യപ്രതിയായ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് പൊലീസ്. ഉറ്റ സുഹൃത്തിന്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചു. ലോട്ടറി വിൽപനയും മറ്റും നടത്തുന്ന പല സ്ത്രീകളേയും വലിയ തുക വാഗ്ദാനം ചെയ്ത് ഇയാൾ സമീപിച്ചിരുന്നു. പത്മയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയതും സ്ത്രീകൾ നൽകിയ സൂചനകളിൽ നിന്നാണ്.
കഴിഞ്ഞ 27നാണ് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പത്മയുടെ ഫോണിലേക്കു വന്ന കോളുകളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ഇതിൽ നിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടർന്ന് ഷാഫിയെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പത്മത്തിന്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പൊലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. പത്മത്തെ സമീപിക്കുന്നതിനു മുൻപ് ഇവരിൽ ചിലരെയും ഷാഫി പണം വാഗ്ദാനം ചെയ്തു സമീപിച്ചിരുന്നു. ഷാഫിക്ക് കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലായി.
പത്മ ലോട്ടറി വിൽപ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷാഫിയുടെ വെള്ളനിറത്തിലുള്ള വാനിൽ പത്മ കയറുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഷാഫിയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ പത്തനംതിട്ടയിലെ ഭഗവൽ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി. പത്മയെക്കുറിച്ചുള്ള വിവരം തേടി കടവന്ത്ര പൊലീസ് ആറന്മുള പൊലീസിനെ സമീപിച്ചത്. പത്മയുടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഇലന്തൂരിലെ വീട്ടിലെത്തി. ഒക്ടോബർ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്.
ഭഗവൽസിങ്ങിനോടും ലൈലയോടും എസ്ഐ വാട്സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവൽസിങ് പറഞ്ഞൊഴിഞ്ഞെങ്കിലും ഭാര്യ ലൈല പരിഭ്രാന്തയായി. ഇതോടെ പൊലീസുകാർക്ക് സംശയമായി. തുടർന്ന് ഇരുവരുടേയും ചിത്രങ്ങൾ പകർത്തുകയും തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നും ആശ്യപ്പെട്ടു. പിന്നീട് ഷാഫിയെ കൊച്ചിയിൽ നിന്ന് പിടികൂടിയപ്പോഴാണ് നരബലിയുടെ വിവരങ്ങളറിയുന്നത്.