തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി. അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് എൽദോസ് കുന്നപ്പള്ളി ജാമ്യാപേക്ഷ നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയില്‍ കെപിസിസിയും അന്വേഷിക്കും. രണ്ടംഗ സമിതിയെ നിയോഗിക്കും.
‘പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തു’ പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിക്കുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നില്‍വെച്ചാണ് എംഎല്‍എ പണം വാഗ്ദ്ധാനം ചെയ്തതെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയില്‍ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. ഇതിനുശേഷം കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. ഈ മൊഴിയാലണ് എല്‍ദോസ് തന്നെ പീഡിപിച്ചെന്ന് യുവതി ആരോപിക്കുന്നത്.