ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.
നേരത്തെ നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ 99 റണ്‍സില്‍ തളച്ചത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(8) തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു. വിജയത്തിനും അര്‍ധസെഞ്ചുറിക്കും അരികെ ശുഭ്മാന്‍ ഗില്‍(49) വീണെങ്കിലും സഞ്ജു സാംസണും(2*) ശ്രേയസ് അയ്യരും(28*) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. ധവാനും ഗില്ലിനും പുറമെ ഇഷാന് കിഷന്റെ(10) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 57 പന്തില്‍ 49 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് 23 പന്തില്‍ 28 റണ്‍സുമായും സഞ്ജു നാലു പന്തില്‍ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള് ഔട്ടായി. 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.
നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹ്ഹമദ് സിറാജും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.