യുപി :സമാജ്വാദ് പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിൻ്റെ സംസ്കാരം കഴിഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിൻ്റെ ജന്മനഗരമായ സൈഫയിൽ സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിൽ ദേശീയരാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. മകൻ അഖിലേഷ് യാദവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ മുലായത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സൈഫയിലെ മുലായം സിംഗിൻ്റെ കുടുംബവീട്ടിൽ നിന്നും ശ്മശാനത്തിലേക്കുള്ള വിലാപ യാത്രയിൽ നാട്ടുകാരും പാർട്ടി പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അടക്കമുള്ള നേതാക്കൾ മുലായത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് ദേശീയ അധ്യക്ഷനുമായ കെ.സി.ആര്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ആര്‍ജെഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് കമൽ നാഥ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, യുപി ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ, മുലായത്തിൻ്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.