കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറിക്കിടെയുണ്ടായ ഗുരുതര പിഴവിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (എസ്എച്ച്ആർസി) കേസെടുത്തു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംസിഎച്ച്) അഞ്ച് വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറിൽ ശസ്ത്രക്രിയാ ഉപകരണം (കത്രിക) ഉപേക്ഷിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
ഡ്യൂട്ടിയിലെ ഗുരുതരമായ വീഴ്ചയെയും അതിന് ഉത്തരവാദികളായ ജീവനക്കാരെയും കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 28ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഗുരുതരവും അശ്രദ്ധവുമായ പിഴവാണ് ആശുപത്രിക്ക് സംഭവിച്ചതെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അത് കാരണം പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ് യുവതി അനുഭവിച്ചത്.
താമരശേരി സ്വദേശിനിയായ ഹർഷീന അഷ്റഫായിരുന്നു മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നത്. 2017 നവംബർ 30 നായിരുന്നു ഹർഷീനയുടെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ ഹർഷീനയ്ക്ക് നിരന്തരം അവശതയും വേദനയും അനുഭവപ്പെടുകയും ചെയ്തിരുന്നു. ഏറെ ചികിത്സ നടത്തിയെങ്കിലും വയറുവേദന മാറിയില്ല. ഒടുവിൽ സിടി സ്കാൻ നടത്തിയപ്പോഴാണ് വയറിൽ കത്രിക കണ്ടെത്തിയത്.
അതേസമയം, സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരായ ആരോപണം നിഷേധിച്ച് പ്രിന്‍സിപ്പല്‍ ഇപി ഗോപി രംഗത്തെത്തിയിരുന്നു . പരാതി ഉന്നയിച്ച യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്സുമാര്‍ ഉപകരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് കൂടി യുവതിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ സംഭവം നടന്നത് മെഡിക്കല്‍ കോളേജില്‍ നിന്നും അല്ലെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല. കത്രികയ്ക്ക് സമാനമായ മറ്റൊരു ഉപകരമാണെന്നും ഇവി ഗോപി പറഞ്ഞു
എന്നാൽ മറ്റ് രണ്ട് ആശുപത്രികളില്‍ നിന്ന് നടത്തിയ ശസ്ത്രക്രിയകൾ വയറുവേദന മൂലം നടത്തിയത് ആണെന്നും യുവതി അറിയിച്ചു. വയറുവേദന അതിന് മുൻപ് തന്നെ ഉണ്ടായിരുന്നതിനാൽ പിഴവ് സംഭവിച്ചത് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ ആണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഹർഷീന.