കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി നടപടിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സുരക്ഷാ ജീവനക്കാർക്ക് നീതി ലഭിച്ചില്ല, ഇനി എന്ത് തെളിവാണ് കോടതിക്ക് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഓർത്ത് തല കുനിക്കുന്നു. തുടർഭരണത്തിന്റെ അഹങ്കാരത്തിൽ അണികൾ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുഖ്യപ്രതി അരുൺ അടക്കം അഞ്ച് പേർക്കാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉപാധികളോടെ ജാമ്യം നൽകിയത്. കരാർ അടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന സുരക്ഷാ ജീവനക്കാർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ പെടില്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പ്രതികൾ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ജാമ്യം നൽകിയ ഉത്തരവിലുണ്ട്.
മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷാ ജീവനക്കാരെയാണ് ഇവർ മർദിച്ചത്. ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.