കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിതല നടപടി. വക്താവ് സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കി. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനാപരമായ നടപടിയാണെന്നും പുറത്തു പറയേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ നടപടിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് കെ സുരേന്ദ്രൻ പ്രതികരിക്കാൻ തയ്യാറായില്ല.
പാർട്ടിയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാർ പരാതി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കോട്ടായത്ത് രാവിലെ കോർ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് സംസ്ഥാന ഭാരവാഹി യോഗവും ചേർന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്ദേക്കറുടെ സാധ്യത്തിലായിരുന്ന യോഗം.
സംസ്ഥാന നേതൃത്വവുമായി നിലനിൽക്കുന്ന ദീർഘനാളായുള്ള അഭിപ്രായ ഭിന്നതകൾക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യർ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്.
നേരത്തെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.