റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ ക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 93 റണ്‍സെടുത്ത ഇഷാന് കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 റൺസ് വിജയ ലക്ഷ്യം ഇന്ത്യ നാലോവര്‍ ബാക്കി നിൽക്കേ മറികടന്നു. അയ്യർ 111 പന്തിൽ 15 ഫോറുകളുടെ അകമ്പടിയിൽ 113 റൺസെടുത്ത് പുറത്താവാതെ നിന്നു. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വീണ ഇഷാന് കിഷന് 84 പന്തിലാണ് 93 റണ്‍സ് എടുത്തത്.
279 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 40 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. ശുഭ്മാന്‍ ഗില്‍ 28 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്നീടൊരുമിച്ച ഇഷാന് കിഷനും ശ്രേയസ് അയ്യരും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 209 ല്‍ നില്‍ക്കേ കിഷാന് പുറത്തായി. പിന്നീടെത്തിയ സഞ്ജു സാംസണെ കൂട്ടുപിടിച്ച് ശ്രേയസ് ഇന്ത്യയെ വിജയതീരമണച്ചു. സഞ്ജു 30 റണ്‍സെടുത്തു പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോര്‍ട്യൂയിന്‍, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റീസ ഹെന്‍ഡ്രിക്സും എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിന് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.
സിറാജ് 10 ഓവറില്‍ ഒരു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.