ന്യൂഡല്‍ഹി: മതപരിവർത്തന പ്രതിജ്ഞാ വിവാദത്തിന്റെ പേരിൽ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റ നിർദ്ദേശം അനുസരിച്ചാണ് ഇദ്ദേഹം രാജിവച്ചതെന്നാണ് സൂചന. കൂട്ട മതപരിവർത്തന സമ്മേളനത്തിൽ പങ്കെടുത്ത് പ്രതിജ്ഞയെടുത്തതാണ് രാജേന്ദ്ര പാൽ ഗൗതത്തിന് വിനയായത്.
ഹിന്ദു ദേവതകളെയും ദേവൻമാരെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങൾ പാലിക്കില്ലെന്നുമെന്ന പ്രതിജ്ഞ, മന്ത്രി ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ആംആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതായും ആരുടെയെങ്കിലും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിൽ ഒക്ടോബർ അഞ്ചിനാണ് ബുദ്ധമതം സ്വീകരിക്കാനുള്ള കൂട്ട മതപരിവർത്തനസമ്മേളനം നടന്നത്. ഈ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ‘എനിക്ക് വിഷ്ണുവിലും മഹേശ്വരനിലും ബ്രഹ്മാവിലും രാമനിലും വിശ്വാസമില്ല. ദൈവത്തിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണനെയും ഞാൻ ആരാധിക്കില്ല,’ എന്നാണ് മന്ത്രി പ്രതിജ്ഞയെടുത്തത്.