മോസ്കോ: ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ ഉഗ്രസ്ഫോടനം. യുക്രൈനുമായുള്ള യുദ്ധത്തിനിടെയാണ് റഷ്യയെ ആശങ്കയിലാക്കി കെര്‍ച്ച് പാലത്തില്‍ സ്ഫോടനമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 06.07നാണ് സ്ഫോടനമുണ്ടായത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിര്‍ദേശ പ്രകാരം 2018ല്‍ നിര്‍മിച്ച പാലമാണിത്. ‘നൂറ്റാണ്ടിലെ നിർമിതി’യെന്ന് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയ, ഏറെ സുരക്ഷ ഏര്‍പ്പെടുത്തിയ പാലത്തിലുണ്ടായ സ്ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചു.
പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും സ്ഫോടനത്തിനു പിന്നിൽ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യൻ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ടു ചെയ്തു. സ്ഫോടനം അന്വേഷിക്കാൻ റഷ്യൻ ഭരണകൂടം നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. തെക്കൻ റഷ്യയിലെ കുബൻ പ്രദേശത്തെ ഒരാളാണ് സ്ഫോടനത്തിൽ ഉൾപ്പെട്ട. ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.
പാലത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിൽ തകർന്ന ട്രക്കിനു സമീപം സഞ്ചരിച്ച കാറിലുണ്ടായിരുന്ന രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കടലിടുക്കിൽ നിന്ന് കണ്ടെടുത്തതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഒരു ട്രക്കും കാറും പാലത്തിലൂടെ അടുത്തടുത്ത് സഞ്ചരിക്കുന്നത് വ്യക്തമാണ്.
തകര്‍ക്കപ്പെട്ട പാലം യുക്രൈനില്‍ യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനികർക്ക് യുദ്ധസാമഗ്രികൾ എത്തിക്കുന്നതിൽ ഏറെ നിർണായകമാണ്. കര, വ്യോമ, കടൽ മാർഗങ്ങളിൽ ഏറെ സുരക്ഷാ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയ പാലമാണെന്ന് റഷ്യ അവകാശപ്പെട്ട പാലത്തിലാണ് സ്ഫോടനമുണ്ടായതെന്നതും ശ്രദ്ധേയമാണ്. 400 കോടി ഡോളർ ചെലവിൽ നിര്‍മിച്ച 18 കിലോമീറ്റർ നീളമുള്ള പാലമാണിത്.