കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരൻ സൗമേന്ദു അധികാരിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ പൊലീസ്. സൗമേന്ദുവിനെ പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കോണ്ടായി മുനിസിപ്പാലിറ്റിക്ക് കീഴിലെ ചില പദ്ധതികളിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. സൗമേന്ദു പൗരസമിതിയുടെ ചെയർമാനായിരിക്കെയാണ് അഴിമതി നടന്നതെന്നാണ് പൊലീസ് പറയുന്നത്. ശ്മശാനത്തിൽ സ്റ്റാളുകൾ നിർമിച്ചതിൽ ക്രമക്കേട് നടന്നതായാണ് ആരോപണം. ടാർപോളിനുകൾ മോഷണം പോയതിലും സൗമേന്ദുവിന് പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സൗമേന്ദുവിനെ ചോദ്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്,
മുൻ ടിഎംസി നേതാവും പുർബ മേദിനിപൂർ ജില്ലയിലെ കോണ്ടായി മുനിസിപ്പാലിറ്റിയുടെ ചെയർമാനുമായ സൗമേന്ദു കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിയിലേക്ക് മാറിയിരുന്നു.