മുംബൈ: സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ഗാംഗുലി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിനെട്ടിന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
ഗാംഗുലിക്കു പകരക്കാരനായി ബിസിസിഐ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി എത്തിയേക്കും. ജയ് ഷാ സെക്രട്ടറിയായി തുടരും. നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനായ റോജര്‍ ബിന്നി, 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു.
ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി അംഗമായും റോജർ ബിന്നി പ്രവർത്തിച്ചിട്ടുണ്ട്. ബിസിസിഐയുടെ കരടു പട്ടികയില്‍ റോജർ ബിന്നിയുടേയും പേരുണ്ട്. ബോളിങ് ഓൾറൗണ്ടറായിരുന്ന ബിന്നി ഇന്ത്യയ്ക്കായി 27 ടെസ്റ്റ്, 72 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47 ഉം ഏകദിനത്തിൽ 77 ഉം വിക്കറ്റുകൾ വീഴ്ത്തി.