നബിദിനത്തോടനുബന്ധിച്ച് ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 325 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ഇപ്പോള്‍ മോചിതരാക്കപ്പെടുന്നവരില്‍ 141 പേര് പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ജയില്‍ മോചനം പ്രഖ്യാപിച്ചത്.
വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ ജയില്‍ മോചനം പ്രഖ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പതിവ് രീതിയാണ്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇതിന് അര്‍ഹരായവരെ അധികൃതര്‍ തീരുമാനിക്കുന്നത്.
ഒമാനില്‍ നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 9 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.