കാസര്‍കോട്: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ചടങ്ങില്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതിഷേധം. കാസര്‍കോട് പള്ളിക്കരയില്‍ ബിആര്‍ഡിസിയുടെ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം . മന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളുടെ സമയം മാറ്റിയത് അറിയിച്ചില്ലെന്നും താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. വേദിയില്‍ കയറാന്‍ എംപി വിസമ്മതിച്ചു, ഒടുവിൽ മന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചു.
ഓരോ ഭരണം വരുമ്പോഴും മന്ത്രിമാരെ വഷളാക്കാന്‍ ഓരോ അവതാരങ്ങള്‍ വരുമെന്ന രാജ്മോഹന്‍ ഉണ്ണിത്താ പ്രസംഗത്തിനിടെയും മന്ത്രി ഇടപെട്ടു. അവർ അടുത്ത ഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ പ്രതിയെ വാദിയാക്കാണോ എന്തിനും അവർ തയ്യാറാണ്. അതുകൊണ്ട് മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം’ എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്.
പ്രസംഗത്തിനിടെ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വേദിയിലിരുന്ന മന്ത്രി റിയാസ് പറഞ്ഞു.എംപി അനുവാദവും നൽകി. തുടർന്നായിരുന്നു റിയാസിന്റെ മറുപടി. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ശരിയാണ്. എന്നാൽ, ഉദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് തുള്ളുകയോ അതിന്റെ കുഴിയിൽ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് അങ്ങൊന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്ന് റിയാസ് പറഞ്ഞു.