ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ യൂണിഫോം. ചാരനിറത്തിലാണ് പുതിയ യൂണിഫോം. വ്യോമസേന ദിന പരിപാടിയിൽ വച്ചാണ് സേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കിയത്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ആണ് യൂണിഫോം അവതരിപ്പിച്ചത്. നിലവിൽ ഗ്രൗണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക.
നേരത്തെ ഇന്ത്യൻ ആർമിയും ഡിജിറ്റൽ കാമഫ്ലേജ് യൂണിഫോമിലേക്ക് മാറിയിരുന്നു. പഴയ ഓർഗാനിക് പാറ്റേണുകൾക്ക് പകരമായി പിക്സലേറ്റഡ് ഡിസൈനുകളുള്ളതാണ് പുതിയ യൂണിഫോം. ഭൂപ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ സൈനികർക്ക് കൂടുതൽ വഴക്കത്തോടെ നീങ്ങാൻ അനുവദിക്കുന്നതാണ് പുതിയ ഡിസൈൻ.ചണ്ഡീഗഡിലെ സുഖ്ന വ്യോമത്താവളത്തിലാണ് ഈ വർഷത്തെ വ്യോമസേന ദിന പരിപാടികൾ നടന്നത്.
ഇനിയുള്ള വര്‍ഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്ന് വി ആർ ചൗധരി പ്രഖ്യാപിച്ചു. മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.