ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നടത്തിയ വെളിപ്പെടുത്തൽ രാജ്യത്തെ മരുന്നുകളുടെ ഗുണമേന്മയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ആശങ്കയ്‌ക്കപ്പുറം രാജ്യന്തര തലത്തിൽ ഇത് ഇന്ത്യൻ സർക്കാരിന് അപമാനവുമാണ്. ഇന്ത്യയുടെ ചുമ സിറപ്പുകൾ 66 കുട്ടികളുടെ ജീവനെടുത്തു എന്ന വാർത്ത പുറത്ത് വരുന്നത് ഏറെ ഗൗരവകരമായ സംഗതിയാണ്.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സിറപ്പുകളിൽ “സ്വീകാര്യമല്ലാത്ത” അളവിൽ വിഷാംശം കണ്ടെത്തിയതായാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. മരുന്ന് കഴിച്ച കുട്ടികളുടെ കിഡ്‌നിക്ക് ക്ഷതമേറ്റാതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. ഇത്തരത്തിൽ 66 കുട്ടികളാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഉൽപന്നങ്ങളുടെ വിൽപന നിർത്തിവയ്ക്കാൻ റെഗുലേറ്റർമാരോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വിപണിയിൽ ഉള്ളതിനെ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ഒന്നുങ്കിൽ വ്യപാരികൾ ഇവ സ്വയം പിൻവലിക്കണം. അല്ലെങ്കിൽ വാർത്തകളുടെ വെളിച്ചത്തിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.
സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റുകൾ പറ്റിയിട്ടില്ലെങ്കിൽ കമ്പനി ഇതിനോടകം തന്നെ പ്രതികരിച്ചേനെ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ മാധ്യമങ്ങൾ കമ്പനിയുടെ പ്രതികരണം തേടിയെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പ്രതികരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം.
Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നീ നാല് മരുന്നുകളാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ബുധനാഴ്ച ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്.
സിറപ്പുകളിൽ അസ്വീകാര്യമായ അളവിൽ ഡൈതൈലിൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി വിശകലനം സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇത് മനുഷ്യർക്ക് വിഷാംശമുള്ളതും കഴിക്കുമ്പോൾ മാരകമായേക്കാവുന്നതുമാണ്.
സംഭവത്തിൽ നാല് ചുമ സിറപ്പുകളെ കുറിച്ച് അന്വേഷണം നടത്താൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു. സെപ്റ്റംബർ 29 ന് ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയുടെ ദേശീയ ഡ്രഗ് റെഗുലേറ്റർ അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
“സംശയമുള്ള മെഡിക്കൽ ഉൽപ്പന്നങ്ങളുമായി മരണത്തിന് കാരണമായ ബന്ധം” സ്ഥാപിക്കുന്ന റിപ്പോർട്ട് പങ്കിടാൻ റെഗുലേറ്റർ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ, ഗാംബിയയിൽ ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവ അനൗപചാരിക വിപണികളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്തിരിക്കാമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പങ്കുവെച്ചട്ടുണ്ട്. അതേസമയം, “ഇതുവരെ ഗാംബിയയിലേക്ക് മാത്രമാണ്” ഈ ചുമ സിറപ്പുകൾ കയറ്റുമതി ചെയ്തതെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞു.
കമ്പനിയുമായും ഇന്ത്യൻ അധികൃതരുമായും കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ആരോഗ്യ സംഘടന അറിയിച്ചു.
“ഈ ഉൽപ്പന്നങ്ങളുടെ എല്ലാ ബാച്ചുകളും ബന്ധപ്പെട്ട ദേശീയ റെഗുലേറ്ററി അതോറിറ്റികൾക്ക് വിശകലനം ചെയ്യാൻ കഴിയുന്നതുവരെ സുരക്ഷിതമല്ലെന്ന് കണക്കാക്കണം,” ലോകാരോഗ്യ സംഘടന അറിയിക്കുന്നു.
ലോകമെമ്പാടുമുള്ള മരുന്നുകളുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്, കൂടുതലും ജനറിക് മരുന്നുകളുടെ രൂപത്തിലാണ്. അതിവേഗം വളരുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ആസ്ഥാനമായ ഇന്ത്യ “ലോകത്തിന്റെ ഫാർമസി” എന്നറിയപ്പെടുന്നു, ആഫ്രിക്കൻ രാജ്യങ്ങളുടെ മെഡിക്കൽ ആവശ്യങ്ങൾ പ്രധാനമായി നിറവേറ്റുന്നത് ഇന്ത്യയാണ്.
വടക്കൻ സംസ്ഥാനമായ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഡസൻ കണക്കിന് കുട്ടികൾക്ക് ഗുരുതരമായ വൃക്ക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഗാംബിയയിലെ മെഡിക്കൽ ഓഫീസർമാർ ജൂലൈയിൽ ആദ്യം വാണിംഗ് നൽകിയിരുന്നു, അടുത്ത ആഴ്ചകളിൽ മരണങ്ങളുടെ എണ്ണംകുറഞ്ഞു. അതോടൊപ്പം ഉൽപ്പന്നങ്ങളുടെ വിൽപ്പന രാജ്യം നിരോധിച്ചിട്ടുണ്ട്
എന്നിരുന്നാലും, അടുത്ത കാലം വരെ, ചില സിറപ്പുകൾ ഇപ്പോഴും സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും വിൽക്കുന്നുണ്ടായിരുന്നു, ഇത് നിയന്ത്രിക്കാൻ അധികൃതരും മരുന്ന് കമ്പനിനിയും സർക്കാരും മുൻകൈ എടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ദുരന്തത്തിന്റെ വ്യാപ്തി കൂടിയേക്കാം.