കൊച്ചി: ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടക്കം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു.
അഡ്രിയാന്‍ ലൂണയുടെയും ഈ സീസണില്‍ ടീമിലെത്തിയ യുക്രൈന് താരം ഇവാന് കലിയുഷ്നിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ ഓവര്‍ഹെഡ് പാസില്‍ നിന്നായിരുന്നു ലൂണ ലക്ഷ്യം കണ്ടത്.
82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന് താരം ഇവാന് കലിയുസ്നിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. 87-ാം മിനിറ്റില്‍ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിറ്റിനകം യുക്രൈന് മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ ഇവാന് കലിയുസ്നി ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. ആദ്യ ഗോളടിച്ചശേഷം കോച്ച് ഇവാന് വുകാമനോവിച്ചിന് കീഴില്‍ കളി തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ജയത്തോടെ ബ്ലാസ്റ്റേഴ്സിനായി.
ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്സിന് പലപ്പോഴും വിലങ്ങുതടിയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കമല്‍ജിത് രക്ഷപ്പെടുത്തി. 49-ാം മിനിറ്റില്‍ അപ്പോസ്തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമല്‍ജിത്ത് രക്ഷപ്പെടുത്തിയിരുന്നു.