ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി നല്കാന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. റെയില്‍വേ ജോലിക്കായി പാറ്റ്നയിലെ ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ലക്ഷം ചതുരശ്രയടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനം.
യു.പി.എ ഭരണത്തില്‍ ലാലു റെയില്‍വേ മന്ത്രിയായിരുന്ന സമയത്തെ കേസിലാണ് കുറ്റപത്രം. ജോലിക്ക് ഭൂമി എന്ന പേരില്‍ അറിയിപ്പെട്ടിരുന്ന നിയമന അഴിമതി കേസില്‍ ലാലുവിന്റെ കുടംബാംഗങ്ങളടക്കമുള്ളവര്‍ പ്രതികളാണ്.
ലാലു റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2008-09ല്‍ ഭൂമി കൈക്കൂലിയായി വാങ്ങി മുംബൈ, ജബല്‍പുര്‍, കൊല്‍ക്കത്ത, ജയ്പുര്‍, ഹാജിപുര്‍ എന്നീ റെയില്‍വേ സോണുകളില്‍ 12 പേര്‍ക്ക് ജോലികൊടുത്തു എന്നാണ് കേസ്. ഇക്കൊല്ലം മേയ് 18-നാണ് ലാലു, ഭാര്യ റാബ്രി, മക്കളായ മിസ ഭാരതി, ഹേമ യാദവ്, തേജസ്വി യാദവ്, റെയില്‍വേ ജോലികിട്ടിയ 12 പേര് എന്നിവര്‍ക്കെതിരേ സി.ബി.ഐ. കേസെടുത്തത്.