കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ൽ പരം അംഗങ്ങളിൽ 68 പേർക്ക് യോഗ്യത ഇല്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു.
സീനിയോറിറ്റി മറികടന്ന് അധ്യാപകരെ നിയമിച്ചുവെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. ബോർഡ് നിയമനത്തിൽ തുടർച്ചയായി സർവ്വകലാശാല തിരിച്ചടി നേരിടുകയാണ്. ക്രമവിരുദ്ധമായുള്ള നിയമനം റദ്ദാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവൻറെ അന്നത്തെ മറുപടി.
കഴിഞ്ഞ കുറച്ച് നാളുകളായി കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ കടുത്ത നിലപാടുകളാണ് ഗവർണർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടർച്ചയായാണ് പഠനബോർഡുകളിലെ നിയമനത്തിലും ഗവർണർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ചാൻസലർ എന്ന നിലക്ക് ഗവർണറായിരുന്നു പഠന ബോർഡിലേക്ക് അധ്യാപകരെ നിർദ്ദേശിക്കേണ്ടിയിരുന്നത്. എന്നാൽ, ഇതിന് പകരം വിസി 72 അധ്യാപകരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പഠനബോർഡ് രൂപീകരിക്കുകയായിരുന്നു. ഈ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പഠനബോർഡ് റദ്ദാക്കാനുള്ള തീരുമാനമാണ് കോടതിയെടുത്തത്.
എന്നാൽ, ഇതേ അംഗങ്ങളെ തന്നെ നിലനിർത്തിക്കൊണ്ട് പഠനബോർഡ് രൂപീകരിക്കാൻ വൈസ് ചാൻസലർ സമീപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്. അതിനാൽ എത്രയും വേഗം വിഷയത്തിൽ അതാത് മേഖലകളിൽ വിദഗ്ധരായിട്ടുള്ള അധ്യാപകരെയും കൃത്യമായ അടിസ്ഥാന യോഗ്യതയും അംഗീകാരവുമുള്ള അധ്യാപകരെയും നിശ്ചയിച്ചുകൊണ്ട് പുതിയ ഒരു പട്ടിക തയ്യാറാക്കി നൽകണമെന്നാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്.