ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ് . കോട്മയില്‍ നിന്നുള്ള എം.എല്‍.എ. സുനില്‍ സറഫിനെതിരെയും സത്നയില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ് കുശ്വാഹയ്ക്കെതിരെയുമാണ് പോലീസ്കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കര്ണിയില് ട്രെയിനില്‍ കയറിയ ഇവര്‍ മദ്യലഹരിയിലായിരുന്നു. വ്യാഴാഴ്ച റെവാഞ്ചല്‍ എക്സ്പ്രസിന്റെ എസി കോച്ചിലാണ് എംഎല്‍എമാരും യുവതിയും യാത്ര ചെയ്തിരുന്നതെന്ന് പോലീസ് ഫയല്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു.
കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി എംഎല്‍എമാരുടെ പെരുമാറ്റത്തെ കുറിച്ച് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ പോലീസിനെയും ട്വീറ്റുകളിലൂടെ പരാതി നല്കി.