കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ശശി തരൂര്‍ പുറത്തിറക്കി . സംസ്ഥാന മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനെ അനുകൂലിച്ചാണ് തരൂറിന്റെ പത്രിക.
പാര്‍ലമെന്ററി ബോര്‍ഡ് പോലുള്ള ചില സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പത്രികയിലൂടെ വാഗ്ദാനം ചെയ്തു. സംസ്ഥാന ഭാരവാഹികള്‍ എന്ന നിലയില്‍ ജനറല്‍ സെക്രട്ടറിമാരെ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക, സംസ്ഥാന മേധാവികളെ വിശ്വാസത്തിലെടുക്കുക, തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നിവയും പ്രകടനപത്രികയില്‍ എടുത്തുകാണിച്ച പ്രധാന പോയിന്റുകളില്‍ ഉള്‍പ്പെടുന്നു.
‘നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്കരിക്കേണ്ടതുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് യഥാര്‍ത്ഥ അധികാരം നല്‍കുകയും വേണം. അതേസമയം, കഠിനാധ്വാനികളും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കണമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, അതിന് ഊര്‍ജം പകരുക, തൊഴിലാളികളെ ശാക്തീകരിക്കുക, അധികാര വികേന്ദ്രീകരണം, നടത്തി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നിവയാണ് എന്റെ സന്ദേശം. ഇതിലൂടെ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി യോഗ്യമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’എന്ന് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ തരൂര്‍ പറഞ്ഞു.