കൊച്ചി: ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ പത്തര മണി മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് മൂന്നര മണിയോടെയാണ് അവസാനിച്ചത്.
ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടർന്നാണ് സിബിഐയുടെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങിയ എം ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ലൈഫ് മിഷന്റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. തന്റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്തത്.