തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി അടുത്ത സൗഹൃദമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ല. മനഃസാക്ഷി വോട്ട് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിന്റെ പിന്തുണ ആര്‍ക്കാണെന്ന് ചോദ്യത്തിന്, ‘കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാന്‍ ഞാന്‍ ആരാ’ എന്നായിരുന്നു മറുചോദ്യം. ‘എനിക്കങ്ങനെ പറയാന്‍ പറ്റുമോ, വിപ്പ് കൊടുക്കാന്‍ പറ്റുമോ, എനിക്കെന്റെ കാര്യം തീരുമാനിക്കാം’- സുധാകരൻ പറഞ്ഞു. മനഃസാക്ഷി വോട്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന്, ‘മനഃസാക്ഷി വോട്ടെന്നാല്‍ എന്താണ്?, ആര് ആര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചാലും അത് മനഃസാക്ഷിക്കനുസരിച്ചുള്ള വോട്ടാണ്, അത് ശശിക്കാണെങ്കിലും ഖാര്ഗെയ്ക്കാണെങ്കിലും’- എന്നായിരുന്നു മറുപടി.
‘ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. രാവിലെ ഞാനും ശശി തരൂരും സംസാരിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർഥിയും നെഹ്റുവിന്റെ സ്ഥാനാർഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാധ്യമങ്ങൾക്ക് വേവലാതിയും വേണ്ട. കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണ്?’ – സുധാകരൻ ചോദിച്ചു.
അതേസമയം, തരൂരിനെ അവഗണിക്കുകയാണ് കേരള നേതാക്കൾ. ഹൈക്കമാൻഡ് താൽപര്യത്തെ അവഗണിച്ച് നോട്ടപ്പുള്ളിയാവാൻ ഇല്ലെന്നാണ് അവരുടെ മനസിലിരിപ്പ്. അതിനാൽ തരൂരിനെ നേരിൽ കാണാൻ പോലും മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും തരൂരിനെ കെ.പി.സി.സി അധ്യക്ഷൻ അവഗണിച്ചതിന് പിന്നിലും ഇത് തന്നെയാണ് കാരണം. ആർക്കും മത്സരിക്കാമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ തരൂർ അതൃപ്തനാണ്.