ജമ്മു കശ്മീരിലെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ‘അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി’ കുടുംബവുമാണെന്നാണ് അമിത് ഷായുടെ ആരോപണം. അഴിമതിയും ദുര്‍ഭരണവും വികസനമില്ലായ്മയുമാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അമിത് ഷാ വിമർശിച്ചു. ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കും.
രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി കാശ്മീരിനെ മാറ്റും. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറല്ല. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ ഇവിടേക്ക് എത്തുകയാണ്. കശ്മീരിൽ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് ഉടനെന്നും അമിത് ഷാ പറഞ്ഞു.
1990കള്‍ മുതല്‍ കശ്മീരില്‍ മാത്രം 42000 പേരാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. തീവ്രവാദം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ. ചിലര്‍ എപ്പോഴും പാകിസ്ഥാനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷേ എനിക്കറിയേണ്ടത് പാക് അധീന കശ്മീരിലെ എത്ര ഗ്രാമങ്ങളില്‍ വൈദ്യുതി ഉണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ട് എന്നൊക്കെയാണ്. ചിലര്‍ പറയുന്നു കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ചർച്ച നടത്തണണെന്ന്. എന്തിനാണ് ഇന്ത്യ പാകിസ്ഥാനുമായി ചർച്ച നടത്തുന്നത്? അത് നടക്കില്ല. പകരം ബാരാമുള്ളയിലേയും കശ്മീരിലേയുമെല്ലാം ജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കും. മോദി സര്‍ക്കാര്‍ ഭീകരവാദം അനുവദിക്കില്ല, അത് പൂര്‍ണമായും തുടച്ചുനീക്കും. അമിത് ഷാ പറഞ്ഞു.
















