വിമാനത്തിൽ വച്ച് തന്നെയും മക്കളേയും ഉപദ്രവിച്ചു എന്നതടക്കം ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന് എതിരെ ഗുരുതര ആരോപണവുമായി മുൻഭാര്യ ആഞ്ജലീന ജോളി. ഇതാണ് വിവാഹമോചനത്തിനു കാരണമെന്നും താരം പറഞ്ഞു.ആഞ്ജലീനയുടേയും ബ്രാഡ് പിറ്റിന്റേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് ബ്രാഡ് പിറ്റില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
2016ൽ നടത്തിയ യാത്രയിൽ സ്വകാര്യ വിമാനത്തിൽവച്ച് രണ്ടു മക്കളെ ബ്രാഡ് പിറ്റ് ഉപദ്രവിച്ചു. മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചെന്നാണ് ആരോപണം. തന്നെ തലയിലും മുതുകിലും പിടിച്ച് ശുചിമുറിയുടെ ചുവരിലേക്ക് തള്ളി. തടയാനെത്തിയപ്പോഴാണ് കുട്ടികളെ ഉപദ്രവിച്ചത്. ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയില്‍ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചു. അന്ന് രാത്രി ഒരു ബ്ലാങ്കറ്റിനുള്ളിൽ തങ്ങൾ ഒതുങ്ങിക്കൂടുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.
വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡ് പിറ്റിനെതിരെ കുറ്റം ചുമത്തിയില്ലെന്നും കൂട്ടിച്ചേർത്തു. ഇത് ആദ്യമായിട്ടല്ല താരസുന്ദരി മുൻ ഭർത്താവിനെതിരെ രംഗത്തെത്തുന്നത്. എന്നാൽ ആരോപണങ്ങളെല്ലാം ബ്രാഡ് പിറ്റുമായി ബന്ധമുള്ളവർ നിഷേധിച്ചു.