കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്ലികാർജുൻ ഖാർഗെയെ പിന്തുണയുമായി കെ മുരളീധരന് എം പി. ശശി തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല. തന്നേപ്പോലുള്ളവരുടെ വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് ആണെന്നും മുരളീധരന് വ്യക്തമാക്കി.
എലൈറ്റ് ക്ലാസിനൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. അതിന് സാധാരണ ജനങ്ങളുടെ മനസ്സ് അറിയുന്ന ഒരാള്‍ പാര്‍ട്ടി അധ്യക്ഷനാകണമെന്നാണ് തന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത്. അത് താഴേത്തട്ടുമുതല്‍ സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നുവന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മികച്ചതെന്നാണ് തന്റെ അഭിപ്രായം. എന്നിവെച്ച് തങ്ങളാരും ശശി തരൂരിന് എതിരല്ല. തങ്ങളെല്ലാം ഒരുമിച്ച് ബിജെപിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും പോരാടുന്നവരാണ്.
ലോക്സഭയില്‍ തരൂര്‍ തന്റെ അടുത്ത സീറ്റിലാണ് ഇരിക്കുന്നത്. വളരെ നല്ല ബന്ധമാണ് തരൂരുമായിട്ടുള്ളത്. പക്ഷെ തരൂരിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധം അല്‍പ്പം കുറവാണെന്നും കെ മുരളീധരന് പറഞ്ഞു.