കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിനു വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും, ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിഹാബിനെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്.