ഇന്‍ഡോര്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).
നാലാമനായി എത്തി തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കാർത്തിക് 21 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 46 റൺസെടുത്തു. ഋഷഭ് പന്ത് 14 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 27 റൺസെടുത്തും പുറത്തായി. ഇവർക്കു പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് വാലറ്റക്കാരായ ദീപക് ചാഹർ (17 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 31), ഉമേഷ് യാദവ് (17 പന്തിൽ രണ്ടു ഫോറുകളോടെ പുറത്താകാതെ 20), ഹർഷൽ പട്ടേൽ (12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17) എന്നിവർ മാത്രം.
ക്യാപ്റ്റൻ രോഹിത് ശർമ (0), ശ്രേയസ് അയ്യർ (1), സൂര്യകുമാർ യാദവ് (8), അക്ഷർ പട്ടേൽ (9), രവിചന്ദ്രൻ അശ്വിൻ (2), മുഹമ്മദ് സിറാജ് (5) എന്നിവർ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയ്ന്‍ പ്രെറ്റോറിയസ് മൂന്നും വെയ്ന്‍ പാര്‍ണല്‍, എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിരുന്നു.
സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ കേട് ഈ മത്സരത്തില്‍ സെഞ്ചുറിയോടെ തീര്‍ത്ത റൂസോ 48 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴ് ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ദീപക് ചാഹർ നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. നാല് ഓവറിൽ 49 റൺസ് വഴങ്ങിയ ഹർഷൽ പട്ടേലും 4 ഓവറിൽ 44 റൺസ് വഴങ്ങിയ മുഹമ്മദ് സിറാജും നിരാശപ്പെടുത്തി. അശ്വിൻ നാല് ഓവറിൽ 35 റൺസും അക്ഷർ പട്ടേൽ ഒരു ഓവറിൽ 13 റൺസും വഴങ്ങി.