പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർമാരായ അജിത്ത്,നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു.
ചിറ്റൂർ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും കുഞ്ഞുമാണ് ജൂലൈ ആദ്യവാരം മരിച്ചത്. സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു. മാത്രമല്ല ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു ശേഷം കോങ്ങാട് സ്വദേശിനി കാർത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ തങ്കം ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് അന്ന് നൽകിയ വിശദീകരണം.
എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ ക്ലിനിക്കൽ എസ്റ്റാബിളിഷ്മെന്റ് ആക്റ്റ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജടക്കം നിർദേശം നൽകിയിരുന്നു.