ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന് യാസിര്‍ അഹമ്മദ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രിയാണ് ലോഹിയയെ ജമ്മുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയിക്കുന്ന യുവാവിന്റെ സ്വകാര്യ ഡയറി പൊലീസ് കണ്ടെത്തി. ലോഹ്യയുടെ വീട്ടുജോലിക്കാരനായിരുന്ന യാസിര്‍ അഹമ്മദ് വിഷാദത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഡയറിയിലെ വരികള്‍. ‘ഭൂലാ ദേനാ മുജെ’ പോലുള്ള വിഷാദം നിറഞ്ഞ ഹിന്ദി ഗാനങ്ങളുടെ വരികളും ഡയറിയിലുണ്ട്. മറ്റ് പേജുകളില്‍ ഹൃദയാഘാതം, ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള ചെറിയ കുറിപ്പുകള്‍ ഉണ്ട്.
‘ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു. ജീവിതം കഷ്ടപ്പാടുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. മരണത്തിന് മാത്രമേ എനിക്ക് സമാധാനം നല്‍കാനാവൂ… എനിക്ക് എന്റെ ജീവിതം പുനരാരംഭിക്കണം, എന്നിങ്ങനെ യാസിര്‍ ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്. മറ്റൊരു പേജില്‍, ‘പ്രിയപ്പെട്ട മരണമേ, ദയവായി എന്റെ ജീവിതത്തിലേക്ക് വരൂ, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’, എന്നും എഴുതിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഹേമന്ത് കുമാര്‍ ലോഹ്യയെ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന് യാസിര്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ ഒളിവില്‍ പോയതാണ് അന്വേഷണത്തിന് ദിശ നല്‍കിയത്. കഴിഞ്ഞ ആറ് മാസമായി ലോഹ്യയുടെ വസതിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇയാള്‍ പലപ്പോഴും അക്രമാസക്തനായി പെരുമാറിയിരുന്നതായും വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി മുതല്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.