ബെംഗളൂരു: ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യക്ക് ശ്രെമിച്ച യുവതിക്ക് ലോക്കോ പൈലറ്റിന്റെ ഇടപെടലിലൂടെ ജീവൻ തിരികെ കിട്ടി. ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവം. തീവണ്ടിയുടെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വേഗം കുറച്ചാണ് രക്ഷപ്പെടുത്തിയത്.
ബെംഗളൂരുവിൽ നിന്ന് കോലാറിലേക്ക് പോവുന്ന തീവണ്ടിക്കു മുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഖാലിദ് അഹമ്മദ് ഉടൻ തന്നെ എമർജൻസി ബ്രേക്കുകൾ ഉപയോഗിച്ച് തീവണ്ടി നിർത്തി. പിന്നാലെ യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യുവതി വീണ്ടും റെയിൽവേ ട്രാക്കിന്റെ മധ്യത്തിലൂടെ നടന്നു. തുടർന്ന് ലോക്കോ പൈലറ്റ് ബൈയപ്പനഹള്ളി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ച ഉടനെ സ്റ്റേഷൻമാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.