തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം വലിയ തോതിലുള്ള വിവരശേഖരണം എന്‍ഐഎ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ശേഖരിച്ച വിവരത്തിൽ സംസ്ഥാനത്ത് 873 പൊലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. പിഎഫ്ഐ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി ഡിജിപിക്ക് കൈമാറി. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം പോപ്പുലര്‍ ഫ്രണ്ടിന് കേരള പൊലീസില്‍ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍.
ഈ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്നത് ഉള്‍പ്പെടെയുള്ളവ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ നല്കി. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു വിവരശേഖരണം.സെപ്തംബർ 27നാണ് പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്.