മൊഹാലി: പഞ്ചാബി ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അൽഫാസ് അപകടനില തരണം ചെയ്തുവെന്ന് സഹ പഞ്ചാബി ഗായകൻ ഞായറാഴ്ച രാത്രി സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു.
മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. ഇതിനിടെ വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി തനിക്ക് തരാനുള്ള പണത്തെച്ചൊല്ലി വാക്കുതർക്കം ആരംഭിച്ചു. ഹോട്ടൽ ഉടമയോട് സംസാരിച്ച് പരിഹാരമുണ്ടാക്കിത്തരാൻ ഇയാൾ അൽഫാസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അൽഫാസ് ഇതിന് വിസമ്മതിച്ചു.
ഇതോടെ ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അൽഫാസിനെ ഇടിച്ചിടുകയും ചെയ്തു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.